തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ നടക്കാനിരുന്ന രാജ്യാന്തര ക്രിക്കറ്റ് പോരാട്ടങ്ങൾ നഷ്ടമാകുന്നു. ഇന്ത്യ -ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരയ്ക്കായി ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് നടത്തിപ്പുകാരായ ഐഎല്‍ ആന്‍ഡ് എഫ്എസ് അറിയിച്ചിരുന്നു, ഇതേ തുടർന്ന് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ പരിപാലന ചുമതലയില്‍ നിന്ന് പിൻമാറുന്നതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലിക്കായി സ്റ്റേഡിയം വിട്ടു നല്‍കിയതോടെയാണ് ടി20 മത്സരങ്ങൾക്ക് സ്റ്റേഡിയം നല്‍കാനാകില്ലെന്ന് നടത്തിപ്പുകാർ അറിയിച്ചത്. ഇതോടെ കേരളത്തില്‍ വച്ച് നടക്കേണ്ട ടി 20 മത്സരങ്ങളും ഐപിഎല്‍ മത്സരങ്ങളും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളും നടക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ പരിപാലന ചുമതലയില്‍ നിന്ന് പിന്‍മാറാന്‍ തിങ്കളാഴ്‌ച ചേര്‍ന്ന കെസിഎ യോഗത്തില്‍ തീരുമാനിച്ചത്.
മറ്റ് ആവശ്യങ്ങള്‍ക്ക് സ്‌റ്റേഡിയം വിട്ടു നല്‍കുന്നത് മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ കെസിഎ പരിഹരിക്കുകയാണ് പതിവ്. എന്നാല്‍ ഇത് കെസിഎക്ക് വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നതെന്നും ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലിക്ക് തിരുവനന്തപുരത്ത് മറ്റ് സ്റ്റേഡിയങ്ങള്‍ ലഭ്യമാണെന്നിരിക്കെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുകൊടുത്തത് ദുരൂഹമാണെന്നും കെസിഎ ആരോപിച്ചു. ഇതിന് പുറമേ മറ്റ് വരുമാനങ്ങളൊന്നുമില്ലാത്ത ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ടി 20 മത്സരത്തിന് 68 ലക്ഷം രൂപ വാടക ഇനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇനി സ്റ്റേഡിയം പരിപാലനത്തിന് തങ്ങളില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നും കെ.സി.എ അറിയിച്ചു.