തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത് രൂക്ഷമായ കൊവിഡ് വ്യാപനമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. രണ്ടാഴ്ച കൊണ്ട് രോഗവ്യാപനത്തില്‍ മൂന്ന് ശതമാനത്തിന്‍റെ വര്‍ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ സജീവ കേസുകളുടെ എണ്ണം നാല് ലക്ഷം വരെ ആകുമെന്നും മുന്നറിയിപ്പുണ്ട്.
Also Read: രാജ്യത്ത് 46,164 പേർക്ക് കൂടി COVID 19; 607 മരണം
പ്രതിദിന രോഗികളുടെ എണ്ണം 40000 മുതല്‍ 45000 വരെ എത്തിയേക്കാം. ഓണക്കാലത്തെ തിരക്ക് മൂലം ഉണ്ടാകാനിടയുള്ള രോഗവ്യാപനത്തിന്‍റെ തോത് ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ഓണക്കാലത്തെ തിരക്ക് കൂടി പരിഗണിച്ചാല്‍ രോഗികളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.
സംസ്ഥാനം രണ്ടാം തരംഗത്തിന്‍റെ ഉച്ചസ്ഥായിയില്‍ നിന്നപ്പോൾ ഒരു ദിവസം 43529 കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിദിന വ്യാപനം ഇതിലും കൂടുതൽ ആകുമെന്നാണ് സൂചന.
പരിശോധന വർധിപ്പിക്കും
രോഗവ്യാപനത്തിനൊപ്പം മരണനിരക്കും വര്‍ധിക്കുകയാണ്. ഇന്നലെ 215 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 19972 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനം സെപ്‌റ്റംബറിൽ 30000 എത്തിയേക്കാം എന്നതായിരുന്നു ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടൽ.
എന്നാല്‍ ആ ധാരണകളെ തെറ്റിച്ച് ഓഗസ്റ്റിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം 31445 എത്തി. ഇത് വരാനിരിക്കുന്ന രൂക്ഷ വ്യാപനത്തിന്‍റെ സൂചനയാണ് ആരോഗ്യ വകുപ്പും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാനാണ് സർക്കാർ തീരുമാനം.
ഓണത്തിനിടയില്‍ ഒത്തു ചേരലുകളില്‍ പങ്കെടുത്ത് ലക്ഷണമുള്ള മുഴുവന്‍ പേരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ കുറഞ്ഞ 10 ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ പ്രത്യക നിര്‍ദേശവുമുണ്ട്. രോഗ ലക്ഷണമുള്ളവരെ മുഴുവന്‍ പരിശോധന നടത്താനാണ് ലക്ഷ്യം.
സർക്കാർ മേഖലയിൽ ഒഴിവുള്ളത് 419 വെന്‍റിലേറ്ററുകൾ
കേരളത്തില്‍ നിലവിൽ 170292 സജീവ് കൊവിഡ് രോഗികളാണുള്ളത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്തും കുറവ് കാസര്‍കോടുമാണ്. രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിക്കുന്നത് നമ്മുടെ ചികിത്സാ സംവിധാനത്തേയും ബാധിക്കുന്നുണ്ട്. അഞ്ച് ജില്ലകളിലെ സര്‍ക്കാർ ആശുപത്രികളില്‍ പത്തിൽ താഴെ ഐസിയുകളും വെന്‍റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു വെന്‍റിലേറ്റര്‍ പോലും ഒഴിവില്ല. തിരുവനന്തപുരം 51, കൊല്ലം 0, ആലപ്പുഴ 0, പത്തനംതിട്ട 92, കോട്ടയം 4, ഇടുക്കി 15, എറണാകുളം 30, തൃശൂര്‍ 2, പാലക്കാട് 51, മലപ്പുറം 8, കോഴിക്കോട് 74, വയനാട് 18, കണ്ണൂര്‍ 50, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒഴിവുള്ള വെന്‍റിലേറ്ററുകളുടെ എണ്ണം.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. എന്നാല്‍ സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വര്‍ധനവ് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് ചികിത്സക്കായി 1425 ഐസിയുകളാണുള്ളത് അതില്‍ 328 ഐസിയുകളാണ് ഓഴിവുള്ളത്. സ്വകാര്യ മേഖല ആകെ 2224 ഐസിയുവില്‍ 1083 എണ്ണവും 846 വെന്‍റിലേറ്ററുകളിൽ 305 എണ്ണവും ഒഴിവുണ്ട്.