തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40ലേക്ക് കടന്ന പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മാത്രം 12 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ആറ് പേര്‍ക്കും എറണാകുളത്ത് അഞ്ച് വിദേശ ടൂറിസ്റ്റുകള്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച വ്യക്തിയിലൂടെ കാസര്‍കോട് ആർക്കൊക്കെ രോഗം പകര്‍ന്നു എന്നു കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ഇവിടെ സ്ഥിതി ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ പൊതുവേ തയ്യാറാകുന്നുണ്ട്. എന്നിരുന്നാലും ചിലര്‍ അമിതാവേശം കാണിച്ച് സമൂഹത്തിന് ദോഷമുണ്ടാക്കിയതാണ് കാസര്‍കോട്ടെ സ്ഥിതി അതീവ ഗൗരവതരമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം അന്ന് അവിടെ താമസിച്ചശേഷം ട്രെയിനില്‍ കാസര്‍കോട്ടേക്ക് പോയി. ജില്ലയില്‍ പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്തു. പിന്നീട് ക്ലബിന്‍റെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയി. ഒരു വീട്ടില്‍ ചടങ്ങ് നടക്കുമ്പോള്‍ വിരുന്നുകാരനായി പോയി. അതിന് ശേഷവും ഇഷ്ടം പോലെ സഞ്ചരിച്ചു. ജില്ലയിലെ ഒരു എംഎല്‍എക്ക് കൈ കൊടുത്തു. മറ്റൊരു എം.എല്‍.എയെ കെട്ടിപ്പിടിച്ചു. ഇവര്‍ രണ്ടുപേരും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് കാസര്‍കോട് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44,396 പേർ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച വീടുകൾ ശുചീകരിക്കാൻ നിർദേശം നല്‍കി . ജനതാ കർഫ്യൂവുമായി പൂർണമായി സഹകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഞായറാഴ്ച മെട്രോ സർവീസ് നിർത്തിവെയ്ക്കുമെന്നും കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.