തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളിൽ സംസ്ഥാനത്തിന് അനുയോജ്യമായ ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സാമൂഹിക അകലം പാലിച്ച് ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം ആരംഭിക്കാൻ അനുമതി നൽകണം. റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ മെട്രോ റെയിൽ സർവീസ് പുനരാരംഭിക്കാൻ അനുവാദം വേണം. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ത്രീവീലർ ഗതാഗതം അനുവദിക്കണം. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇളവുകൾ അനുവദിക്കാനും അനുമതി നൽകണം.
വിദേശത്തു നിന്നും മടങ്ങിയെത്തിയ അഞ്ച് മലയാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവരെ വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആന്‍റി ബോഡി ടെസ്റ്റിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.