തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി ഇന്‍റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. അദ്ദേഹം മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. അസെന്‍റ് കേരള 2020ല്‍ 117 താല്‍പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഫിഷറീസ് നയം. ആ നിലയ്ക്ക് കെഎസ്‌ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒന്നല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായ പിന്തുണയും സഹകരണവുമാണ് ധാരണാപത്രത്തില്‍ വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ ഒരു കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല. അതിനാല്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്‍കുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇ.എം.സിസി പ്രതിനിധികള്‍ തന്നെ വന്നു കണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുഖ്യമന്ത്രി. ഓഫീസില്‍ ഒരുപാട് പേര്‍ കാണാന്‍ വരുന്നുണ്ട്. എന്നെ വന്നു കണ്ടു എന്ന് അവര്‍ പറയുന്നുണ്ട് അത് താന്‍ നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ധാരണാ പത്രത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല. ധാരണാ പത്രം ശ്രദ്ധയില്‍ പെട്ടപ്പോൾ തന്നെ സര്‍ക്കാര്‍ റദ്ദാക്കി. പള്ളിപ്പുറത്തെ ഭൂമി ഇതുവരെ ഇ.എം.സി.സിക്ക് കൈമാറിയിട്ടില്ല. ഇതിന് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.