തിരുവനന്തപുരം: ഇനിയുള്ള കാലഘട്ടത്തിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ സമ്പ്രദായം ഒഴിവാക്കി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും, സമ്പൂര്‍ണ സാക്ഷരത യജ്ഞം പോലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടാനുള്ള പ്രവര്‍ത്തനങ്ങൾ ആരംഭിക്കാനുള്ള സമയമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾക്ക് എതിരെയുള്ള ഓൺലൈൻ കുറ്റകൃത്യം തടയാനായി കേരള പൊലീസ് രൂപീകരിച്ച 'കൂട്ട് 2022' എന്ന പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ സമ്പ്രദായം നിത്യജീവിതത്തിൽ അനിവാര്യമാണെങ്കിലും ചതിക്കുഴികള്‍ ഏറെയാണ്. ഇത് തിരിച്ചറിയാൻ സാധിക്കണം. സൈബർ ഇടങ്ങളെ കുറിച്ച് കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബോധവത്‌കരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോബോർട്ട് പ്രവർത്തിപ്പിച്ച് ആയിരുന്നു 'കൂട്ട് 2022' പദ്ധതിയുടെ ഉദ്‌ഘാടനം നടന്നത്. മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
അപക്വമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്‌ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചതിക്കുഴികളില്‍ വീഴുന്നവരില്‍ കുട്ടികളും ഉണ്ടെന്നത് അതീവ പ്രാധാന്യം ഉള്ള വിഷയമാണ്. സൈബര്‍ സുരക്ഷയ്‌ക്കായി കേരള പൊലീസ് നടത്തുന്നത് മാതൃകാപരമായ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ കാര്യം സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌താല്‍ അത് പൂര്‍ണമായി പിന്‍വലിക്കാത്ത സാഹചര്യമുണ്ട്. ഒരു കാര്യം തെറ്റെന്ന് അറിയിച്ചാലും പൂര്‍ണമായി പിന്‍വലിക്കപ്പെടുന്നില്ല. ഫേസ്‌ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഇന്‍റര്‍പോള്‍ അടക്കമുള്ള ഇടപെടല്‍ വേണമെന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.