തിരുവനന്തപുരം: പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കായി പ്രതിഭ പിന്തുണ പരിപാടി പ്രഖ്യാപിച്ചു. കലാ, സാംസ്‌കാരിക, സാഹിത്യ മേഖലയിൽ പ്രതിഭ തെളിയിച്ച പട്ടികജാതി/ പട്ടിക വർഗക്കാരായ യുവതീ യുവാക്കൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. അവർ കഴിവ് തെളിയിച്ച മേഖലയിൽ തുടർന്നും പ്രവർത്തിച്ച് മുന്നേറുന്നതിനായി 1500 പേർക്കായാണ് പദ്ധതി. പ്രതിഭ പിന്തുണ സഹായം ലഭിക്കുന്നവർക്ക് ഇതിന് പുറമെ പലിശ രഹിത വായ്‌പ നൽകും. ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച പ്രതിഭാ പിന്തുണ പരിപാടി, പട്ടികജാതി/ പട്ടിക വർഗ വികസനവകുപ്പിന്‍റെ കൂടി പങ്കാളിത്തത്തോടെ വിപുലീകരിച്ച് നടത്തുന്നതാണ് ഈ പദ്ധതിയെന്നും ധനമന്ത്രി പറഞ്ഞു.
കേരള രാഷ്‌ട്രീയത്തിലെ ഉജ്വല വ്യക്തിത്വമായിരുന്ന കെ.ആർ ഗൗരിയമ്മയോടും ആറ് പതിറ്റാണ്ടോളം സംസ്ഥാന രാഷ്‌ട്രീയത്തിലും സാമൂഹിക രംഗത്തും നിറഞ്ഞു നിന്ന ആർ. ബാലകൃഷ്ണപിള്ളയോടുമുള്ള ആദരസൂചകമായി സ്മാരകം നിർമിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു.
വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സർവകലാശാലയിൽ ‘മാർ ക്രിസോസ്റ്റം ചെയർ’ സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു.
ജനങ്ങൾക്ക് പുതുപ്രതീക്ഷ നൽകുന്നതാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്.