തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, കിഫ്‌ബി വഴിയുള്ള വിവിധ പദ്ധതികള്‍ക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ അദ്‌ഭുതകരമായ മാറ്റം വരുത്തിയ സ്ഥാപനമാണ് കിഫ്‌ബിയെന്ന് മന്ത്രി പ്രസംഗത്തില്‍ പ്രശംസിച്ചു. നഗരവത്‌കരണത്തിന് 300 കോടി അനുവദിച്ചു. ഈ വര്‍ഷം കിഫ്‌ബി വഴി 100 കോടി ഇതിനായി മാറ്റിവയ്‌ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ ഇടനാഴിയ്‌ക്കായി കിഫ്‌ബി വഴി 1,000 കോടി അനുവദിച്ചു. അതേസമയം, കിഫ്‌ബി ബാധ്യത സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാക്കി മാറ്റിയതായി, കേന്ദ്ര സര്‍ക്കാരിനെതിരായി കെഎന്‍ ബാലഗോപാല്‍ തുറന്നടിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ കിഫ്‌ബി വഴി വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് നേരത്തേ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഈ നിരീക്ഷണങ്ങളെ മറികടന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.