തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. നിയമസഭയ്‌ക്കകത്തും പുറത്തും സമരപരിപാടികള്‍ നടത്താനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ ഭാഗമായി എംഎല്‍എമാരുടെ സത്യാഗ്രഹം ഉള്‍പ്പടെ നടത്താനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
ഇന്ന് 12 മണിക്ക് ചേരുന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാകും സമരപരിപാടികളെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സമര പ്രഖ്യാപനം നടത്തും. സഭയ്‌ക്ക് പുറത്തേക്കും സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അതേസമയം, യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. കലക്‌ടറേറ്റിലേക്ക് യുഡിഎഫ് പ്രഖ്യാപിച്ച മാര്‍ച്ച് നാളെ നടക്കും. ഇന്ധന സെസ് വര്‍ധന പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
Also Read: വെള്ളക്കരം കൂട്ടിയതിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ല: മന്ത്രി റോഷി അഗസ്റ്റിന്‍