തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗം കാലോചിത മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിനിടെ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബജറ്റിനെ (Kerala budget 2024) പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല (Education sector). പുതിയ പാഠപുസ്‌തകങ്ങളിലേക്ക് മാറാനും ഡിജിറ്റല്‍ കാലത്തിലേക്ക് കുതിക്കാനുമുള്ള പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ സ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരവധിയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന ആരോപണം നില്‍ക്കുമ്പോഴും മരവിപ്പിച്ച ആനുകൂല്യങ്ങളുടെ കോടികള്‍ കുടിശ്ശികയാണ്.
ഈ ആനുകൂല്യങ്ങളുടെ കുടിശിക വിതരണത്തിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പുതിയ പദ്ധതികള്‍ക്ക് തുക വകയിരുത്തല്‍ വരുമെന്ന പ്രതീക്ഷയിലുമാണ് വിദ്യാഭ്യാസ മേഖല കേരളത്തിന്‍റെ പുതിയ ബജറ്റിനെ കാത്തിരിക്കുന്നത്. ഉച്ച ഭക്ഷണത്തിനായി 2016ല്‍ നിശ്ചയിച്ചത് ഒരു കുട്ടിക്ക് 8 രൂപ എന്ന തുക തീര്‍ത്തും അപര്യാപ്‌തമെന്ന വാദം അധ്യാപക സമൂഹത്തിനാകെയുണ്ട്. ഈ നിരക്കില്‍ നിന്നും 15 രൂപയിലേക്ക് ഉച്ച ഭക്ഷണ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം പുതിയ ബജറ്റില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുല്‍ മജീദ് പറഞ്ഞു.
എസ്എസ്കെ (SSK,സമഗ്ര ശിക്ഷാ കേരളം)വഴി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പലപ്പോഴും എയ്‌ഡഡ് മേഖലയില്‍ ലഭ്യമാവുന്നില്ലെന്ന പ്രശ്‌നത്തിനും പരിഹാരം വേണം. കിഫ്ബി വഴി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു പരിധിവരെ വികസിച്ചു. ഇനി വേണ്ടത് ഡിജിറ്റല്‍ കാലത്തേക്ക് നമ്മുടെ ക്ലാസ്സ്മുറികള്‍ മാറുകയാണ്.
എയ്‌ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ യൂണിഫോമിന്‍റെ തുക ഇപ്പോഴും പലയിടത്തും കുടിശ്ശികയാണ്, ഇത് തീര്‍പ്പാക്കണം. പുതിയ പാഠപുസ്‌തകം വരുമ്പോള്‍ അധ്യാപകര്‍ക്ക് അതിന് വേണ്ട പരിശീലനം നല്‍കാന്‍ ധനസഹായം അനുവദിക്കുമെന്നും കെപിഎസ്‌ടിഎ പ്രതീക്ഷിക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗവും പ്രതീക്ഷയില്‍ (Higher education sector): ഉന്നത വിദ്യാഭ്യാസ രംഗത്തെ പിജി വെയിറ്റേജ് പിന്‍വലിച്ചതുവഴി കോളജുകളില്‍ നഷ്‌ടപ്പെട്ട 2,500 തസ്‌തികകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശാസ്ത്ര വിഷയങ്ങളില്‍ പ്രൊജക്റ്റ് ഫണ്ടിങ് അനുവദിക്കണമെന്ന ആവശ്യവുമാണ് കെപിസിടിഎ (കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍) മുന്നോട്ട് വക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. എ അബ്രഹാം പറഞ്ഞു.
ഇതിന് പുറമെ അധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക, 2016-2019 വരെയുള്ള യുജിസി ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക എന്നിവ അനുവദിക്കണം. ഇതില്‍ 750 കോടി കേരള സര്‍ക്കാരും 750 കോടി കേന്ദ്ര സര്‍ക്കാരുമാണ് നല്‍കേണ്ടത്. കോളജില്‍ ഒരു വിഷയത്തിന് 16 മണിക്കൂര്‍ എങ്കിലും പഠന സമയം ഉണ്ടെങ്കിലേ ഒരു തസ്‌തിക അനുവദിക്കൂ എന്ന നിബന്ധന മൂലം 500 തസ്‌തികകളിലേക്ക് നിയമനം മുടങ്ങിയിരിക്കുകയാണ്. 16 മണിക്കൂര്‍ എന്നത് 10 മണിക്കൂര്‍ ആക്കണമെന്നും ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് തുകകള്‍ അനുവദിക്കണമെന്നും കെപിസിടിഎ ആവശ്യപ്പെടുന്നു.