തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മിഷണർ, ബീവറേജസ് കോർപറേഷൻ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ബാറുകൾ തുറക്കാൻ തീരുമാനിച്ചാല്‍ നിലവിലെ കൗണ്ടർ സംവിധാനം വഴിയുള്ള മദ്യ വില്പന അവസാനിപ്പിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകളും ബിയർ, വൈൻ പാർലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മിഷണർ എക്സൈസ് മന്ത്രിക്ക് നൽകിയ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് സംസ്ഥാനത്തും ബാറുകൾ തുറക്കാൻ കഴിയുമോ എന്നാണ് യോഗം ചർച്ച ചെയ്യുക. ബാറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബാർ ഉടമകളുടെ സംഘടനയായ ബാർ ഓണേഴ്സ് അസോസിയേഷനും സർക്കാരിനെ സമീപിച്ചിരുന്നു.