തിരുവനന്തപുരം: കേരള ബാങ്ക് രൂപീകൃതമായതിന്‍റെ സംസ്ഥാനതല ആഘോഷത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 6ന് നിശാഗന്ധിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സര്ക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരള ബാങ്ക്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നില നിന്ന കേസുകള്‍ തീര്‍പ്പായ ത്രിതല ബാങ്കുകളുടെ ലയന ഉത്തരവ് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചാണ് ലയനമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ബാങ്കുകളുടെ ലയനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളില്‍ നില നിന്ന അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഇല്ലാതായി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന റിസോര്‍സ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ റാണി ജോര്‍ജ് എന്നിവരടങ്ങിയ ഇടക്കാല ഭരണ സമിതിയാണ് ഇനി കേരള ബാങ്കിന്റെ ഭരണം നിര്‍വ്വഹിക്കുക. ഒരു വര്‍ഷമാണ് ഇടക്കാല ഭരണ സമിതിയുടെ കാലാവധി. സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറല്‍ ബോഡി യോഗം ഡിസംബറില്‍ വിളിച്ചു ചേര്‍ക്കും.
കേരള ബാങ്ക് സിഇഒ ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി.എസ് രാജനെ നിയമിച്ചു. കേരള ബാങ്ക് നിലവില്‍ വരുന്നതോടെ ത്രിതല സഹകരണ ഘടന ഇനി ദ്വിതല ഘടനയായി മാറും.