തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കുന്നതിനിടെ ഈ മാസം 27 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനുള്ള സമ്മേളനമാണിത്. ബജറ്റ് അവതരിപ്പിക്കുന്നതിന് ഫെബ്രുവരി 18 ന് ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം മാര്‍ച്ച് 22ന് സമാപിച്ചിരുന്നു.
ഈ സമ്മേളനത്തില്‍ നാലുമാസത്തേക്കുള്ള ധനവിനിയോഗത്തിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് പാസാക്കിയിരുന്നത്. ഈ വോട്ട് ഓണ്‍ അക്കൗണ്ടിന്‍റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജൂലൈ 1 മുതല്‍ പണം വിനിയോഗിക്കണമെങ്കില്‍ സമ്പൂര്‍ണ ബജറ്റ് പാസാക്കേണ്ടതുണ്ട്. അതിനാലാണ് അടിയന്തരമായി ഈ മാസം തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വകുപ്പ് തിരിച്ചുള്ള ഡിമാന്‍ഡ് ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാകും. സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണ് സമ്മേളനമെങ്കിലും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ തട്ടി സഭ പ്രക്ഷുബ്‌ധമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. തൃക്കാക്കരയിലൂടെ സെഞ്ച്വറി നേട്ടത്തിന് തയ്യാറെടുത്ത എല്‍.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കാനായതിന്‍റെ ആത്മവിശ്വസത്തിലാകും യു.ഡി.എഫ് നിയമസഭയിലെത്തുക.
തൃക്കാക്കര യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റാണെന്ന വാദവും സ്വര്‍ണക്കടത്ത് വിവാദത്തിനുപിന്നില്‍ കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന വാദവും ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാകും എല്‍.ഡി.എഫിന്‍റെ ശ്രമം.