തിരുവനന്തപുരം: നിയാസഭാ കൈയാങ്കളികേസിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീലൽ അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം കേള്‍ക്കുന്നത് കോടതി വീണ്ടും മാറ്റി. നിയമസഭാ അക്രമം കേസ് പിൻവലിക്കാൻ കഴിയില്ലെന്ന സിജെഎം കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ ഇരിക്കേ സിജെഎം കോടതി വാദം കേൾക്കുന്നത് ശരിയല്ലെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം പരിഗണിച്ചാണ് നടപടി. കേസ് ഈ മാസം 14 ലേക്കാണ് കോടതി മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സിജെഎം കോടതിയിൽ ഹർജി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ വാദം പറയാതെ കേസ് നടപടി മാറ്റികൊണ്ടിരിക്കുന്ന പ്രതികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13 ന് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്. മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്.