തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിൽ രാഷ്‌ട്രീയവത്കരണവും ക്രിമിനൽവത്കരണവും നടക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പൊലീസിൽ ക്രിമിനലുകളുടെ എണ്ണം വർധിക്കുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.
എല്ലാ ദിവസവും സ്‌ത്രീകളടക്കം അതിക്രമത്തിന് വിധേയമാകുന്നു. എന്നാൽ പൊലീസ് ഒന്നും ചെയ്യുന്നില്ല. പിങ്ക് പൊലീസ് സംവിധാനം പരാജയമാണ്. പൊലീസുകാർ തന്നെ ക്രിമിനൽ കേസിൽ പ്രതിയാവുകയാണ്. പോക്സോ കേസിലെ ഇരയെ തെളിവെടുപ്പിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. ഇത്തരം നിരവധി സംഭവമുണ്ടായിട്ടും ക്രിമിനൽ പൊലീസിനെ സർക്കാർ സംരക്ഷിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തളളി. രാഷ്‌ട്രീയ ക്രിമിനൽവത്കരണം എന്നത് അംഗീകരിക്കാൻ കഴിയില്ല. ഏത് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായാലും അതിനെതിരെ നടപടിയെടുത്തിട്ടുണ്ട്. 2016 മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 828 ക്രിമിനല്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടായാൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും, 2019 ല്‍ ഒന്നും, 2020ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള എട്ട് പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.
കൂടാതെ 2022-ലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും നീക്കം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 55,000 അംഗങ്ങളുള്ള പൊലീസ് സേനയില്‍ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ നിലപാടുകളെ തള്ളി. ആരും ഏത് സമയത്തും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിന്‍റെ വീഴ്‌ചയെന്ന ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ കൗണ്ടിങ് യന്ത്രം വയ്ക്കണ്ട അവസ്ഥയാണ്
പൊലീസിനൊപ്പം തെളിവെടുപ്പിന് പോകാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. പൊലീസ് സ്‌റ്റേഷനുകൾ സിപിഎമ്മുകാർ അഴിഞ്ഞാടുകയാണ്. ജില്ല സെക്രട്ടറിമാർ എസ്‌പിമാരെ നിയന്ത്രിക്കുകയാണ്. ഈ രാഷ്‌ട്രീയവത്കരണമാണ് പൊലീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ക്രിമിനലുകൾ വർധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്‌പീക്കർ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.