തിരുവനന്തപുരം: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2021 ജനുവരി വരെ ലഭിച്ച അപേക്ഷകളിൽ ആറുമാസം കൊണ്ട് തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇതിന് പ്രത്യേക കർമപദ്ധതി തയ്യാറാക്കും. പദ്ധതി ഇന്ന് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
1,12,000 അപേക്ഷകളിൽ ആണ് ആറുമാസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കേണ്ടത്. അയ്യായിരത്തിലധികം അപേക്ഷകൾ ഉള്ള ഒന്‍പത് ആർ.ഡി ഓഫിസുകൾ ഉണ്ട്. ഇവിടങ്ങളിൽ ജൂനിയർ സൂപ്രണ്ട്, ക്ളര്‍ക്കുമാര്‍ എന്നിവർ ഉൾപ്പെടെ ആറുമാസത്തേക്ക് കൂടുതൽ പേരെ നിയമിക്കും. 25 സെൻ്റ് വരെയുള്ള തരംമാറ്റത്തിന് നിയമസാധുത വന്നതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.
'തീർപ്പാക്കിയത് 4,0084 അപേക്ഷകൾ'
ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമി തരം മാറ്റാൻ വില്ലേജ് തലത്തിൽ നടപടി സ്വീകരിക്കും. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തരം മാറ്റലിന് മുൻഗണന നൽകും. 2021 ഏപ്രിൽ മുതൽ ഇതുവരെ 4,0084 അപേക്ഷകൾ തീർപ്പാക്കി.
പറവൂരിൽ ഭൂമി തരം മാറ്റുന്നതിന് സാധിക്കാതെ നിരാശനായി സജീവൻ ആത്മഹത്യ ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.