തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്‍ ഓഫിസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ആരോ ചോര്‍ത്തിയെടുത്തുവെന്നാണ് പരാതി. തുടർന്ന് കമ്മിഷന്‍റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു.
ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണം തുങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ക്രൈബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ജോയിന്‍റ് ചീഫ് ഇലക്‌ട്രൽ ഓഫിസറാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടപട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
തുടർന്ന് 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മിഷന് ഈ വിവാദത്തില്‍ സമ്മതിക്കേണ്ടി വന്നു. ഈ വിവാദങ്ങള്‍ക്കെല്ലാം കാരണമായത് ചോര്‍ത്തിയ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറാറില്ല.
രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവായി ഹാജരാക്കിയത് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയായിരുന്നു. കമ്മീഷന്‍ നല്‍കിയ പരാതിയില്‍ ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി ഷാനവാസ് കേസ് അന്വേഷിക്കും.