നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച് ചൂടുപിടിച്ച പ്രചാരണത്തിലാണ്. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ തലശേരി, ഗുരുവായൂർ, ദേവികുളം എന്നി മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയതാണ് ഏറ്റവും ഒടുവിലത്തെ ചർച്ചാ വിഷയം. പത്രിക തള്ളിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത ബിജെപി നേതൃത്വം ശരിക്കും വെട്ടിലായി. പക്ഷേ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയത് എല്‍ഡിഎഫിനും യുഡിഎഫിനും പരസ്‌പരം ആരോപണ പ്രത്യാരോപണത്തിന് വഴിയൊരുങ്ങുകയും ചെയ്തു.
ബിജെപി നിർണായക സ്വാധീനമായ തലശേരി, ഗുരുവായൂർ മണ്ഡലങ്ങളില്‍ ഓരോ വോട്ടും ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയത് യുഡിഎഫിനെ സഹായിക്കാനാണ് എന്ന ആരോപണം സിപിഎം ഉയർത്തിക്കഴിഞ്ഞു. സിപിഎം -ബിജെപി ധാരണയുടെ ഫലമായാണ് പത്രിക തള്ളിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ, നേമം എംഎല്‍എയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാല്‍ എന്നിവർ നടത്തിയ വെളിപ്പെടുത്തലുകൾ ഒത്തുകളികൾ തള്ളിക്കളയുന്നതായിരുന്നില്ല.
അതിനിടെ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നു. രാഷ്ട്രീയക്കാർ വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് ട്വന്‍റി ട്വന്‍റിയുടെ ഭാഗമാകേണ്ടി വന്നതെന്ന് വർഗീസ് ജോർജ് പറഞ്ഞു. ട്വന്‍റി ട്വന്‍റിയുടെ ജനറൽ സെക്രട്ടറിയായാണ് വർഗീസ് ജോർജ് പ്രവർത്തിക്കുക. നടനും സംവിധായകനുമായ ലാലും സംഘടനയിൽ അംഗത്വമെടുത്തു.
ഉപദേശക സമിതി അംഗമായി ലാൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖർ സംഘടനയുടെ ഭാഗമാകുമെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ട്വന്‍റി ട്വന്‍റിയുടെ പിന്തുണയില്ലാതെ മുന്നണികൾക്ക് ഭരിക്കാൻ കഴിയാത്ത സാഹചര്യം വന്നാല്‍ ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കും. ഏത് മുന്നണിയാണോ ജനങ്ങൾക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുക എന്നത് പരിഗണിച്ച് ഉപാധികളോടെ പിന്തുണ നൽകും. ഒരിക്കലും സർക്കാരിന്‍റെ ഭാഗമാകില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. എറണാകുളം ജില്ലയിൽ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി ട്വന്‍റി മത്സരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മരുമകൻ ഡോ. ജോ ജോസഫും നേരത്തെ സംഘടനയിൽ ചേർന്നിരുന്നു. കോതമംഗലം മണ്ഡലത്തിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ജോ ജോസഫ് മത്സര രംഗത്തുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് നാമനിർദ്ദേശ പത്രിക സ്വീകരിക്കല്‍ കഴിഞ്ഞിട്ടും കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ഇനിയും സ്ഥാനാർഥി നിർണയ തർക്കം പരിഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. മാണി സി കാപ്പന്‍റെ എൻസികെയ്ക്ക് നല്‍കിയ സീറ്റില്‍ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണമെന്നാണ് ആവശ്യം. തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാവ് കെവി തോമസിന്‍റെ നേതൃത്വത്തില്‍ സമവായ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഒടുവില്‍ വിഷയം കെപിസിസിക്ക് വിട്ടു. ഇനി കെപിസിസി നേതൃത്വം ഇടപെട്ട് മാണി സി കാപ്പനുമായി സംസാരിച്ച് തർക്കം പരിഹരിക്കുമെന്നാണ് സൂചന.