തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരും അഞ്ച് പേർ ദുബായിൽ നിന്നെത്തിയവരുമാണ്. നാഗ്‌പൂരിൽ നിന്നെത്തിയ വ്യക്തിക്കും പരിശോധനാഫലം പോസിറ്റീവാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസർകോട് ആറ് പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്‌ച എട്ട് പേർക്ക് രോഗം ഭേദമാവുകയും ഇതോടെ 50 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്‌തു. കണ്ണൂർ ജില്ലയിലെ ഏഴ് പേരും തിരുവനന്തപുരം ജില്ലയിലെ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി.
ഇന്ന് കാസർകോട് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവരും ഒരാൾ നിസാമുദ്ദീനിൽ നിന്ന് വന്നയാളുമാണ്. കണ്ണൂര്‍, എറണാകുളം ജില്ലകളിൽ നിന്നുള്ള രണ്ട് പേരും വിദേശത്ത് നിന്നെത്തിയവരാണ്. ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് കൊവിഡ് പോസിറ്റീവായവരും നിസാമുദ്ദീനിൽ നിന്ന് വന്നതാണ്. നാഗ്‌പൂരിൽ നിന്നെത്തിയയാൾ പാലക്കാട് സ്വദേശിയാണ്.
കേരളത്തിൽ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ശനിയാഴ്‌ച 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നത്തോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 306 ആയി.