തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് മന്ത്രി കെ. ടി. ജലീൽ പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയത്തു നിന്നുള്ള വരുൺ കെ. എസ് ഒന്നാം റാങ്ക് നേടി. കണ്ണൂർ ജില്ലയിലെ ടി .കെ. ഗോകുൽ ഗോവിന്ദ് രണ്ടാം റാങ്കും മലപ്പുറത്തു നിന്നുള്ള നിയാസ് മോൻ. പി മൂന്നാം റാങ്കിനും അർഹനായി.
ഫാർമസി പരീക്ഷയിൽ തൃശൂരിൽ നിന്നുള്ള അക്ഷയ്. കെ. മുരളിയ്ക്കാണ് ഒന്നാം റാങ്ക്. കാസർകോട് ജില്ലയിൽ നിന്നുള്ള ജോയൽ ജയിംസ് രണ്ടാം റാങ്കും കൊല്ലത്ത് നിന്നുള്ള ആദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 71,742 വിദ്യാര്‍ഥികളാണ് ഇത്തവണ കീം പരീക്ഷ എഴുതിയത്. 56,599 പേർ യോഗ്യത നേടി. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചത്. 37 ,274 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ മാസം 29 മുതൽ എഞ്ചിനീയറിങ് ഫാർമസി പ്രവേശന നടപടികൾ ആരംഭിക്കും. 145 എഞ്ചിനീയറിങ് കോളേജുകളിലായി 25,000 സീറ്റുകളാണ് ഉള്ളത്. 15 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ പുതിയ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഇതുവഴി 1000 സീറ്റുകളുടെ വർധനവ് ഇത്തവണയുണ്ടാകുമെന്ന് മന്ത്രി കെ. ടി. ജലിൽ പറഞ്ഞു. അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.