തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ഘടകക്ഷികള്‍ വിമര്‍ശനം ഉന്നയിക്കാറുണ്ടെങ്കിലും അതെല്ലാം മുന്നണി യോഗത്തിന് ഉള്ളിലാകാറാണ് പതിവ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളില്‍ കാര്യമായി പ്രതികരിക്കാതെ വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആ രീതിക്ക് മാറ്റം വരുത്തിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുന്നണി യോഗത്തിലും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗങ്ങളിലും ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഗണേഷ് കുമാര്‍ പരസ്യമായി ഉന്നയിച്ചിരിക്കുകയാണ്. ഇത് ഇടത് മുന്നണിയിലെ പുതിയ കാഴ്‌ചയാണ്. എന്നും സിപിഎം നിലപാടുകളില്‍ എതിരഭിപ്രായമുണ്ടെങ്കിലും പരസ്യ പ്രതികരണങ്ങളില്‍ യോജിക്കാറാണ് ഇതുവരെ ഉണ്ടായിരുന്ന പതിവ്. സിപിഐ മുതലുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ രീതിയിലാണ് പ്രവര്‍ത്തിക്കാറ്.
എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അത് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സിപിഎമ്മും ശ്രമിക്കാറുണ്ട്. അതില്‍ ഇതുവരെ സിപിഎം വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫില്‍ എത്തിയ ശേഷം സിപിഎമ്മിനും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഒരക്ഷരം എതിര്‍പ്പ് പറയാതിരുന്ന ഗണേഷ് കുമാറാണ് ഇപ്പോള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്.
മന്ത്രിസ്ഥാനത്തില്‍ ഉടക്കിയ ഗണേഷ് കുമാര്‍: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഘടക കക്ഷിയാക്കിയില്ലെങ്കിലും മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ഗണേഷ് കുമാര്‍ തൃപ്‌തനായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന മുന്നണി തീരുമാനത്തില്‍ തുടങ്ങി ഗണേഷ് കുമാറിന് എതിര്‍പ്പുണ്ട്. ഇത് കൂടാതെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലടക്കം അതൃപ്‌തിയുമുണ്ടായി.
തന്‍റെ മണ്ഡലത്തിലെ വിഷയങ്ങളില്‍ ആവശ്യമായ പ്രാധാന്യം മന്ത്രിമാര്‍ നല്‍കാതിരുന്നതോടെ ആണ് ഗണേഷ് കുമാര്‍ കലിപ്പിലായത്. പ്രത്യേകിച്ചും പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് തര്‍ക്കം. പത്തനാപുരത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍മാണങ്ങളില്‍ ഗണേഷ് കുമാര്‍ നിരവധി തവണ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് പറയാതെ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് നിയമസഭയില്‍ ഗണേഷ് കുമാര്‍ ഇക്കാര്യം പറയുകയും ചെയ്‌തു. കൂടാതെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരനെ പുകഴ്ത്തുകയും ചെയ്‌തു.
ആരോപണങ്ങള്‍ പരസ്യമായി: ഇത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞു പറഞ്ഞിരുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും പരസ്യമാക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്‌തിരിക്കുന്നത്. മുന്നണിയില്‍ ആരോഗ്യകരമായ കൂടിയാലോചന നടക്കുന്നില്ലെന്നും വികസന രേഖയില്‍ സൂക്ഷ്‌മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നുമുള്ള ഗുരുതരമായ പരാമര്‍ശം നേതൃത്വം ഗൗരവമായി തന്നെ പരിഗണിക്കും എന്നുറപ്പാണ്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും ഉന്നയിച്ചുളള വിമര്‍ശനം ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ ലക്ഷ്യമിട്ടുള്ളതാണ്.
ധവളപത്രം പുറത്തിറക്കി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെടുമ്പോള്‍ തകരുന്നത്, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഗുരുതരമല്ലെന്ന ധനമന്ത്രിയുടെ അവകാശവാദമാണ്. ഇത്തരത്തില്‍ സിപിഎം മന്ത്രിമാരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഗണേഷ് കുമാറിന്‍റെ നീക്കങ്ങള്‍. ലോക്‌സഭ തെരഞ്ഞടുപ്പ് അടക്കം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ് കുമാര്‍ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണുന്നതിനേക്കാള്‍ സിപിഎം ലക്ഷ്യമിടുക വിമര്‍ശനങ്ങളെ നിശബ്‌ദമാക്കാനാകുമെന്ന് ഉറപ്പാണ്.