തിരുവനന്തപുരം : കാട്ടാക്കടയില്‍ പിതാവിനെയും മകളേയും മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ (സെപ്‌റ്റംബര്‍ 30) വിധി പറയും. ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്‌ണുവിന് മുമ്പാകെയാണ് വാദം പൂർത്തിയായത്.
ഇരുവരെയും മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളില്‍ നിന്ന് ശബ്‌ദവും ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ ശേഖരിക്കണം. ഇതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനാണ് ഹാജരായത്.
കേസിലെ പ്രതികളായ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52) മിലൻ ഡോറിച്ച്(45) അനിൽകുമാർ (49) ഡിപ്പോയിലെ വർക്ഷോപ്പ് ജീവനക്കാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരാണ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. സെപ്‌റ്റംബര്‍ 20നാണ് ബസ് കണ്‍സെഷന്‍ എടുക്കാനെത്തിയ മധ്യവയസ്‌കനായ പിതാവിനെയും മകളെയും കാട്ടക്കടയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.
also read: കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ
കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ നല്‍കാനാകൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ഒരുമാസം മുമ്പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും അതിനാല്‍ അനുവദിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ കണ്‍സെഷന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന്, ഇത്തരത്തിലുള്ള ജീവനക്കാരാണ് കെഎസ്‌ആര്‍ടിസി ഇങ്ങനെയാകാന്‍ കാരണമെന്ന് പിതാവ് പറഞ്ഞു. ഇത് വാക്ക് തര്‍ക്കത്തിന് കാരണമായി. ഇത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.