തിരുവനന്തപുരം : കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കെഎസ്ആർടിസി ജീവനക്കാരായ അഞ്ച് പ്രതികളും തിരുവനന്തപുരം ജില്ല കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ജില്ല കോടതി മുൻകൂർ ജാമ്യാപേക്ഷ അഡീഷണല്‍ സെഷൻസ് കോടതിക്ക് കൈമാറി. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) വാദം പരിഗണിക്കും.
മിനിസ്റ്റീരിയൽ അസിസ്റ്റന്‍റ് മിലൻ ഡോറിച്ച്, ഡ്യൂട്ടി ഗാർഡ് സുരേഷ് കുമാർ, കണ്ടക്‌ടര്‍ അനിൽകുമാർ, മെക്കാനിക് അജികുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തങ്ങളെ മനഃപൂർവം കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും നിരപരാധികളാണെന്നുമാണ് പ്രതികളുടെ വാദം.
Read More: കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ
'ഡിപ്പോയിൽ നടന്നത് നാടകം': പരാതി നൽകിയ സമയത്ത്,സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ല. ഇത് തങ്ങൾക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർക്കാൻ വേണ്ടി എടുത്തതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ജീവനക്കാര്‍ പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ തനിക്ക് ശത്രുത ഉള്ളവർക്കെതിരെ കേസ് നൽകുന്നത് പതിവാണ്.
കെഎസ്ആർടിസി ഡിപ്പോയിൽ നടന്നത് ഒരു നാടകം പോലെ ആയിരുന്നു. സംഭവങ്ങൾ നടക്കുന്നു. ഇത് ഇവരുടെ കൂടെ വന്ന ഒരാള്‍ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നു. പിന്നീട് ചാനലുകള്‍ക്ക് നൽകുന്നു എന്നിങ്ങനെയാണ് പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ. പൊലീസ് റിപ്പോർട്ട് ബുധനാഴ്‌ച കോടതിയിൽ സമര്‍പ്പിക്കും.
സെപ്റ്റംബർ 20ന് പകൽ 11 മണിക്ക് കെഎസ്ആർടിസി ഡിപ്പോയില്‍ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ ആമച്ചൽ സ്വദേശി പ്രേമനും മകള്‍ക്കുമാണ് മർദനമേറ്റത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കെഎസ്‌ആർടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും എംഡി ബിജു പ്രഭാകര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്‌തിരുന്നു.