തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിനുമായി 35 കോടി രൂപ അടിയന്തരമായി നല്‍കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ ആസ്‌തികളുടെ ഈടിന്മേലാണ് കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കുക.
കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ കൈവശമുള്ള സ്വര്‍ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്‌തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്.
സംഘത്തിന് വായ്‌പ ബാക്കി നില്‍പ്പ് 368 കോടി രൂപയും, പലിശ ലഭിക്കാനുള്ളത് ബാക്കി നില്‍പ്പ് 108.03 കോടി രൂപയുമാണ്. ഇപ്രകാരം 476 കോടി രൂപ സംഘത്തിന് പിരിഞ്ഞു കിട്ടാനുണ്ട്. പിരിച്ചെടുക്കാന്‍ കഴിയുന്നത് പിരിച്ചെടുത്ത് നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്‍കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.
മുഴുവന്‍ പേര്‍ക്കും നിക്ഷേപം തിരികെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ തുക കിട്ടാത്തതിനാല്‍ വിദഗ്‌ധ ചികിത്സ സാധ്യമാകാതെ മരണപെട്ട ഫിലോമിനയുടെ നിക്ഷേപ തുക മുഴുവനായും നാളെ(6-08-2022) തന്നെ കുടംബത്തിന് നല്‍കും. ഇവര്‍ക്ക് പണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല.
4.2 ലക്ഷം കൊടുത്തിട്ടുണ്ട്. 28 ന് നിക്ഷേപം പിന്‍വലിക്കാനെത്തിയപ്പോള്‍ ബാങ്കില്‍ പണമില്ലായിരുന്നു. നിക്ഷേപം നല്‍കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.