തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ സാക്ഷരത മിഷൻ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96ാം വയസില്‍ ഒന്നാം റാങ്ക് ജേതാവായ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്യായനിയമ്മ അന്തരിച്ചു (Karthyayani amma passed away). 101 വയസ്സ് പിന്നിട്ട കാർത്യായനിയമ്മ ഇന്നലെ വൈകിട്ട് ഹരിപ്പാട് ചേപ്പാട് വീട്ടിൽ വെച്ചായിരുന്നു അന്തരിച്ചത്.
2017 ലായിരുന്നു കാർത്യായനിയമ്മ റാങ്ക് ജേതാവായത്. റാങ്ക് ജേതാവായതിന്‍റെ പിന്നാലെ 53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്‍റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ‌് ഗുഡ് വില്ലിന്‍റെ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ത്യായനിയമ്മയെ 2018 ൽ നാരീശക്തി പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
സാക്ഷരത മിഷൻ വഴിയുള്ള പഠനത്തിനു ശേഷം കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച കാർത്യായനിയമ്മയ്ക്ക് അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീട്ടിലെത്തി ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കാർത്യായനി അമ്മയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
ആദ്യ ശ്രമത്തിൽ തന്നെ 40,000 ഓളം പേരെ പിന്തള്ളി 98 ശതമാനം മാർക്ക് നേടിയ കാർത്യായനിയമ്മയുടെ വിയോഗത്തിലൂടെ മാതൃക വ്യക്തിത്വത്തെയാണ് നമുക്ക് നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.
മൂന്നാം ക്ലാസ് തുല്യത പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ച കാർത്യായനിയമ്മ കേന്ദ്ര സർക്കാരിന്‍റെ നാരീശക്തി പുരസ്‌ക്കാരത്തിന് അര്‍ഹത നേടി. ഊണും ഉറക്കവും മാറ്റിവച്ചുള്ള പഠനമാണ് കാര്‍ത്യായനിയമ്മയ്‌ക്ക് ഒന്നാം റാങ്ക് സമ്മാനിച്ചത്. പരീക്ഷ കാലത്ത് 3 മണിക്കും 4 മണിക്കുമെല്ലാം ഉണർന്നിരുന്ന് പഠിച്ചു. അവാര്‍ഡ് കിട്ടിയെങ്കിലും പഠനം നിർത്തിയില്ല. കമ്പ്യൂട്ടറും പഠിക്കുന്നുണ്ടായിരുന്നു കാര്‍ത്യായനിയമ്മ. പത്താം ക്ലാസ് പാസാകണമെന്നായിരുന്നു ആഗ്രഹം.
അനുശോചനമറിയിച്ച് മുഖ്യമന്ത്രി; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനിയമ്മയായിരുന്നു.
നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്‌കാരം വാങ്ങിയ ശേഷവും പുരസ്‌കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.
കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്‍റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്‍റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.