തിരുവനന്തപുരം : കർണാടകയിലെ ബെൽഗാമിലുണ്ടായ കാറപകടത്തിൽ കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഇവരുടെ രണ്ട് കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടിൽ ബിനു രാജയ്യൻ (44) ഭാര്യ ഷീന (38) എന്നിവരാണ് മരിച്ചത്.
ഇവരുടെ മക്കളായ നവീൻ (17), നിമിഷ (14) എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളുമായി മുട്ടയ്ക്കാടുളള വീട്ടിൽ അവധിക്കാലം ചെലവിടുന്നതിനായിരുന്നു ബിനുവും കുടുംബവും യാത്രപുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വർ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ കർണാടക അതിർത്തിയിലെ ബെൽഗാമിലായിരുന്നു അപകടം.
എതിരെ വരികയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ശങ്കേശ്വർ പൊലീസ് ബന്ധുക്കൾക്ക് നൽകിയ വിവരം. കാറിന്‍റെ വലതുഭാഗം പൂർണമായും തകർന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് കാറിനുളളിൽ നിന്ന് ഇവരെ പുറത്തെടുത്തത്.
കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെൽഗാമിനെ സിവിൽ ഹോസ്‌പിറ്റലിലിൽ പ്രവേശിപ്പിച്ചിരുന്ന ഷീന അന്ന് രാത്രി എട്ടോടെയും മരിച്ചു. ഇടത് കൈയ്ക്ക് ഒടിവേറ്റ നിവിനെയും ശരീരത്തിൽ ഇടിയേറ്റ നിമിഷയെയും പൊലീസുകാർ ബെൽഗാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.