തിരുവനന്തപുരം: കരിമഠം കോളനിയില്‍ സഹോദരങ്ങളെ അക്രമിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തെളിവെടുപ്പ് ഇന്ന്. അലിയാരുടെ മകന്‍ അര്‍ഷാദാണ് (19) കൊല്ലപ്പെട്ടത്. സഹോദരന്‍ അല്‍ അമീന്‍ (21) പരിക്കേറ്റ് ആശുപത്രിയിലാണ്. എട്ടംഗ സംഘം ചേര്‍ന്നാണ് അക്രമണം നടത്തിയത്. പ്രതികളില്‍ രണ്ട് പേര്‍ ഇന്നലെ (21.11.23) പിടിയിലായി.
ഇന്നലെ വൈകിട്ട് 5.45 ഓടെ കിഴക്കേകോട്ടയില്‍ വെച്ച് അര്‍ഷാദും ആക്രമണം നടത്തിയ സംഘവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് നടന്ന സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ അര്‍ഷാദിന്റെ സഹോദരന്‍ അല്‍ അമീന്റെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്.
കരമന - കിള്ളിപ്പാലം റോഡിലെ കരിമഠം കോളനിയിലെ മുത്താരമന്‍ ക്ഷേത്രത്തിന് സമീപത്താണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ അര്‍ഷാദിനെ ഉടന്‍ തന്നെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അല്‍ അമീന്‍ ചികിത്സയിലാണ്.
സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അര്‍ഷാദ് പ്രദേശത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം.
ചാല തമിഴ് എച്ച് എസ് എസില്‍ നിന്നും പ്ലസ് ടു പാസായ അര്‍ഷാദ് കല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നാടകപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നതായും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നു. കൊലപാതകത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍.