അവധിക്കാലത്തെ വരവേൽക്കാനൊരുങ്ങി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെഭാഗമായ ഇവിടെ എത്തിയാൽ ആനകളുടെ ദിനചര്യകൾ അടുത്തറിയാം.
പത്ത് കൊമ്പന്മാര്‍ ഉള്‍പ്പെടെ 18 ആനകള്‍, ഒരു മോഴ, അഞ്ച് കുട്ടിയാനകള്‍ എന്നിവയെയാണ് ഇവിടെ പരിപാലിക്കുന്നത്. ഇവിടെയെത്തുന്ന അതിഥികളെ തലകുലുക്കി തുമ്പിക്കൈ നീട്ടി സ്വീകരിക്കുംഇവര്‍ ഓരോരുത്തരും. രാവിലെയും വൈകിട്ടും നെയ്യാര്‍ ജലാശയത്തിലുള്ള ഇവരുടെ നീരാട്ടാണ് സഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്നത്.
വനത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നാട്ടിലിറങ്ങി കയ്യാങ്കളി കാട്ടുന്നവരുമാണ് കൂടുതലായും ഈ പുനരധിവാസകേന്ദ്രത്തിൽ എത്തുന്നത്. ആന പുനരധിവാസത്തിന് പുറമേ സഞ്ചാരികളെ ആകർഷിക്കാനായി മുളചങ്ങാടത്തിൽ ജലയാത്ര ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. തദ്ദേശീയർക്ക് പുറമേ വിദേശികളും ഇവിടെ ധാരാളമായി എത്തുന്നു.
ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര ചെയ്താൽ കോട്ടൂരിൽ എത്തിച്ചേരാം. അധികം ചെലവില്ലാതെ ഈ വേനൽക്കാലത്ത് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരിടത്തേക്ക് യാത്ര പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കാപ്പുകാട് അനുഭവവേദ്യമാകും.