തിരുവനന്തപുരം: കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലർ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. ആർ. ബിന്ദു ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
വി.സിയായി പ്രഫ. ഗോപിനാഥ് രവിന്ദ്രന് പുനര്‍നിയമനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു മന്ത്രി കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനയോഗവുമാണെന്നാണ് ചെന്നിത്തലയുടെ പരാതി. ലോകായുക്ത നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പക്കലുളള രേഖകള്‍ ഇന്ന് ഹാജരാക്കണം. ഇന്ന് രേഖകള്‍ ഹാജരാക്കുകയാണെങ്കിൽ കേസ് ഫയലിൽ സ്വീകരിക്കണമോയെന്നതിൽ വാദം തുടങ്ങും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ക്രമവിരുദ്ധവും ചട്ടം മറികടന്നും വേണ്ടപ്പെട്ടര്‍ക്ക് നൽകിയെന്ന ഹര്‍ജി ലോകായുക്ത ഈ മാസം നാലിന് പരിഗണിക്കും. അതേസമയം ലക്ഷദ്വീപില്‍ നിന്നും ഗവര്‍ണര്‍ ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് തിരികെയെത്തും. ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ കെണ്ടുവന്ന ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് മറുപടി നല്‍കിയേക്കും.
മറുപടി ലഭിക്കുന്നത് അനുസരിച്ച് ഗവര്‍ണര്‍ മറ്റു നടപടികളിലേക്ക് കടക്കും.