തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്‌കൂളിലെ ബസ് കത്തിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴയുന്നതായി പരാതി. രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തില്‍ സമരപരിപാടികൾ നടത്താനാണ് സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ തീരുമാനം. സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌കൂളിലെ എസി ബസ് കത്തിച്ച അക്രമികൾ എട്ട് ബസുകൾ അടിച്ചുതകര്‍ക്കുകയും ചെയ്‌തു.
നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതുകൊണ്ടാണ് സമരപരിപാടികളിലേക്ക് കടക്കുന്നതെന്ന് സ്കൂൾ ചെയർമാൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെ കുറിച്ച് വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചെങ്കിലും പൊലീസ് മൗനം പാലിക്കുകയാണ്. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിന് പിന്നിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. സംഭവത്തില്‍ യഥാർഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അധികൃതർ പരാതി നൽകിയിട്ടുണ്ട്.