തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വെടിവെപ്പില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും തലയില്‍ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വെടിയുണ്ട കൊണ്ട് എല്ലാം പരിഹരിക്കാമെന്നത് പ്രാകൃത മനോഭാവമാണ്. മാവോയിസ്റ്റുകളെ വെടിവെക്കുന്നത് വിനോദപരിപാടിയല്ല. അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങൾക്ക് രാഷ്‌ട്രീയപരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ കൂടാരത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് ക്ലോസ് റേഞ്ചില്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയ വിവരം. കൊല്ലപ്പെട്ട മണിവാസകം രോഗാതുരനാണ്. അദ്ദേഹത്തിന്‍റെ കൈവശം എ.കെ.47 തോക്കുണ്ടായിരുന്നുവെന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വെടിവെപ്പ് നടന്നത് കൊടുംവനത്തിലാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടുകളോട് സിപിഐക്ക് വിയോജിപ്പുണ്ട്. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങളോട് യോജിപ്പാണ്. സാമൂഹിക പ്രശ്‌നങ്ങളെ തോക്കുകൊണ്ടല്ല നേരിടേണ്ടത്. പൊലീസിന് അമിതാധികാരം നല്‍കരുത്. പ്രതിപക്ഷം രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അവരുടെ ആവശ്യം കാര്യങ്ങള്‍ നീട്ടിക്കൊണ്ട് പോകാനാണ്. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി സംഭവത്തിന്‍റെ നിഗൂഢത എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.