തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ കാനം രാജേന്ദ്രൻ പാർട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരായ സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പ്രതികരണത്തെ വിമർശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണ വിധേയത്വമാണ് സി.പി.ഐ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കെ.സുധാകരൻ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ ജനറൽ സെക്രട്ടറിയെ തിരുത്തുകയാണ്. ഭരണ നേതൃത്വം വഹിക്കുന്ന സി.പി.എമ്മിനു സംഭവിക്കുന്ന വീഴ്‌ചകളെ പൊതു സമൂഹത്തിനു മുന്നില്‍ വിമര്‍ശിക്കാനും തിരുത്താനും മുന്‍പ് സി.പി.ഐ തയാറായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ ഒരു വനിത നേതാവ് വിമര്‍ശിച്ചപ്പോള്‍ വിമര്‍ശനങ്ങളെ തള്ളാനും ഭരണ നേതൃത്വത്തെ തലോടാനുമാണ് കാനം തയാറായതെന്നും സുധാകരൻ പറഞ്ഞു.
Also Read: തോല്‍വിക്ക് കാരണം സി.പി.എമ്മിന്‍റെ 'നിസഹകരണം'; കടുത്ത വിമര്‍ശനവുമായി സി.പി.ഐ
വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളിലും കൊലപാതകങ്ങളിലും കേരളം കടുത്ത ആശങ്കയിലാണെന്നും കാനം രാജേന്ദ്രന്‍റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.