തിരുവനന്തപുരം: Kannur VC Appointment: സര്‍വകലാശാല ചാന്‍സലര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ പ്രോ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. കണ്ണൂര്‍ വി.സി നിയമനം യു.ജി.സി മാനദണ്ഡം അനുസരിച്ചാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇനി സ്‌കോപ്പില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ കാനം പറഞ്ഞു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സി.പി.ഐയിലെത്തും. ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
സി.പി.എമ്മില്‍ നിന്ന് ആളുകള്‍ സി.പി.ഐയില്‍ എത്തുന്നതുകൊണ്ട് എല്‍.ഡി.എഫിന് നഷ്‌ടമില്ല. ഒരു കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് റോഡ് മുറിച്ചു കടക്കുന്നുവെന്നേയുള്ളൂ. ഇപ്പോള്‍ സി.പി.എമ്മിലുള്ളവരെല്ലാം സി.പി.ഐയില്‍ നിന്ന് പോയവരാണ്.
ഇക്കാര്യം ഇ.പി.ജയരാജന് നന്നായി അറിയാം. കേരളത്തിന്‍റെ ഒരു പദ്ധതി മുടക്കാന്‍ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ നടത്തുന്ന ശ്രമം ബി.ജെ.പിയെ സഹായിക്കാനാണ്. സി.പി.ഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടക്കും.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്ഡലം സമ്മേളനങ്ങളും ആഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങളും നടക്കും. സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും കാനം പറഞ്ഞു.