തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം പുത്തൻകുളം സ്വദേശി തീവെട്ടി ബാബുവും വെഞ്ഞാറമൂട് കോലിയക്കോട് സ്വദേശി കൊട്ടാരം ബാബുവുമാണ് അറസ്റ്റിലായത്. കല്ലമ്പലം കടുവയിൽ പള്ളിക്ക് സമീപത്തെ ഹസനത് എന്ന വീട്ടിൽ മോഷണം നടത്തി രക്ഷപെടുകയായിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിനകത്ത് നൂറോളം കേസുകളിൽ പ്രതിയാണ് ഇരുവരും.
കൊട്ടാരം ബാബു നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജയിലിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേർന്ന് വൻ മോഷണം പദ്ധതികൾ തയ്യാറാക്കുകയായിരുന്നു. കൊട്ടാരം ബാബു സ്വന്തമായാണ് കേസുകളെല്ലാം വാദിക്കുന്നത്. കല്ലമ്പലം സിഐ ഫിറോസ് ,എസ് ഐ ഗംഗാപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.