തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ അബ്‌ദുല്‍ ഷമീമിനെയും തൗഫീഖിനെയും നെയ്യാറ്റിൻകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ഇവർ സൂക്ഷിക്കാൻ നൽകിയ ബാഗ് കണ്ടെടുത്തു. പത്താംകല്ല് സ്വദേശി ജാഫറിന്‍റെ വീടിനുള്ളിൽ നിന്നുമാണ് ബാഗ് കണ്ടെത്തിയത്. ബാഗിൽ നിന്നും ഇവർ ഉപയോഗിച്ച വസ്ത്രങ്ങൾക്കും സാധനം വാങ്ങിയ ബില്ലിനും പുറമെ പ്രതികൾക്ക് ഐഎസ്‌ഐ ബന്ധം സൂചിപ്പിക്കുന്ന കടലാസ് കഷ്‌ണങ്ങളും പൊലീസിന് ലഭിച്ചു. ഇതിൽ കടലൂർ സ്വദേശി കാജാ ഭായിയാണ് തങ്ങളുടെ തലവനെന്ന് തമിഴിൽ എഴുതിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കത്തി കണ്ടെത്തിയ തെളിവെടുപ്പിനെ തുടര്‍ന്ന് പ്രതികളുമായി ബാലരാമപുരത്തും പൊലീസെത്തി. പ്രതികൾ താമസിച്ചിരുന്ന വീട്, കൊലയ്ക്ക് മുമ്പ് എത്തിയ ആരാധനാലയം തുടങ്ങിയ സ്ഥലങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗർകോവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഗണേഷിന് പുറമെ ഉന്നത പൊലീസ് സംഘവും പ്രതികൾക്കൊപ്പമുണ്ടായിരുന്നു.