തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ കളിയിക്കാവിള -കരുനാഗപ്പള്ളി തീരദേശ ബസ് സർവീസിന് (Kaliyakkavilai - Karunagappalli Bus Service) തുടക്കമായി. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് (Minister Antony Raju) സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ആദ്യഘട്ടത്തിൽ രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസിനായി ക്രമീകരിച്ചിരിക്കുന്നത്.
കളിയിക്കാവിള - കരുനാഗപ്പള്ളി തീരദേശ ബസ് റൂട്ട് ഇങ്ങനെ:
കളിയിക്കാവിള, പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശങ്കുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്‍റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേയ്‌ക്കും ഇവിടെ നിന്നും തിരിച്ചുമാണ് സർവീസ്. പ്രതിദിനം നാല് സർവീസുകളാണുള്ളത്. കളിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.30ന് ആദ്യ സർവീസ് ആരംഭിക്കും. രാത്രി 11.25നാണ് സർവീസ് അവസാനിക്കുന്നത്.
അതേസമയം ശബരിമല സർവീസിനായി എല്ലാ ഡിപ്പോകളിൽ നിന്നും കെഎസ്‌ആർടിസി 500 ബസുകൾ മാറ്റും. പതിവ് സർവീസുകൾ റദ്ദാക്കിയാണ് 500 ബസുകൾ മാറ്റുന്നത്. ഇത്തരത്തിൽ റദ്ദാക്കുന്ന പതിവ് സർവീസിൽ ഒരു ദിവസം 300 യാത്രക്കാരുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഈ സാഹചര്യത്തിൽ ലഭ്യമാകുന്ന കണക്ക് അനുസരിച്ച് ശരാശരി 1.5 ലക്ഷം യാത്രക്കാരുടെ യാത്ര ബുദ്ധിമുട്ടിലാകും. സാധാരണ കട്ടപ്പുറത്തുള്ള ബസുകൾ സർവീസിന് സജ്ജമാക്കിയായിരുന്നു ശബരിമലക്കാലത്ത് അധിക സർവീസുകൾ നടത്തിയിരുന്നത്. എന്നാൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്‌പെയർ പാർട്‌സ് വാങ്ങി കട്ടപ്പുറത്തുള്ള വണ്ടി സർവീസിന് സജ്ജമാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിലവിലെ കണക്കനുസരിച്ച് കെഎസ്‌ആർടിസിയുടെ 800 ബസുകൾ കട്ടപ്പുറത്താണ്.