തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനത്തിന് ശ്രമിച്ചെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടെ 4 പേര്‍ക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കെപിസിസി ഡിജിറ്റൽ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി.സരിനാണ് പരാതി നല്‍കിയത് (Kalamassery Blast KPCC Filed Complaint Against MV Govindan).
എംവി ഗോവിന്ദന് പുറമേ മുന്‍ എംപി സെബാസ്‌റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിനു പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്‌ഫോടനം ഭീകര പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാം എന്ന നിലയിലുള്ള കുറിപ്പ് എംവി ഗോവിന്ദന്‍ പങ്കുവച്ചിരുന്നു. യഹോവ സാക്ഷികളും ജൂതരും പ്രാര്‍ത്ഥിക്കുന്നത് ഒരേ ദൈവത്തെ എന്നായിരുന്നു സെബാസ്‌റ്റ്യന്‍ പോളിന്‍റെ സോഷ്യല്‍ മീഡിയ പ്രസ്‌താവന.
ഭീകരാക്രമണത്തിന്‍റെ ഉത്തവാദികള്‍ സുരക്ഷാ വീഴ്‌ച വരുത്തിയ കേരള സര്‍ക്കാരും അതോടൊപ്പം ഹമാസ് ഭീകരതയെ ഉളുപ്പില്ലാതെ ന്യായീകരിച്ച സിപിഎം കോണ്‍ഗ്രസ് നേതാക്കളും തന്നെയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. പോപ്പുലര്‍ ഫ്രണ്ട്, എസിഡിപിഐ തീവ്രവാദികള്‍ ബോംബു പൊട്ടിച്ചു എന്നായിരുന്നു റിവ തോളൂര്‍ ഫിലിപ്പിന്‍റെ കമന്‍റ്. എന്നാല്‍ ഈ പ്രസ്‌താവനകള്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ സ്‌പര്‍ധ വളര്‍ത്തുന്നതിനും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കോട്ടം വരുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.
ഇത് മനപൂര്‍വമായി ചെയ്‌തതാണെന്നും ഇരു മത വിഭാഗങ്ങള്‍ തമ്മിലുള്ള വെറുപ്പിനും സാമൂഹിക സ്‌പര്‍ധയ്ക്കും കാരണമായി തീരും വിധം രാഷ്ട്രീയ ലാഭം മുന്‍ നിര്‍ത്തിയുള്ളതായിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇവരുടെ സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി സെക്രട്ടറിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
പ്രതികരണവുമായി വിഡി സതീശന്‍: എറണാകുളം കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമർശിച്ചു ( (VD Satheesan criticized MV Govindan and Rajeev Chandrasekhar). മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെ പേരെടുത്ത് പറയാതെയുള്ള പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമുണ്ടായത്.
ദൗര്‍ഭാഗ്യകരമായ ചില പരാമര്‍ശങ്ങള്‍ ചില ഭാഗത്ത് നിന്നുമുണ്ടായി. ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവ് തന്നെ ഇതാദ്യം പലസ്‌തീനുമായി ബന്ധപ്പെടുത്തിയെന്നും എന്താണെന്ന് യാതൊരു പിടിയുമില്ലാത്ത സമയത്തായിരുന്നു ഈ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.