തിരുവനന്തപുരം: കാലടി സർവകലാശാല വിസി നിയമനത്തിലും സർക്കാര്‍ വെട്ടിലാകുന്നു. ഒറ്റ പേര് മാത്രം നിർദേശിച്ച് ഡോ എം വി നാരായണനെ വിസിയായി നിയമിച്ചതാണ് തിരിച്ചടിയാകുന്നത്. സാങ്കേതിക സർവകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ഇതേ കാരണം ചൂണ്ടികാട്ടിയാണ്.
ഈ വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്തെ കൂടുതൽ സർവകലാശാലകളിലെ വിസി നിയമനം വിവാദമാകുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിലെ വിസി നിയമനത്തിന് ഏഴ് പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. എന്നാൽ സെർച്ച് കമ്മിറ്റി ഒടുവിൽ ഡോ എം വി നാരായണന്‍റെ പേര് മാത്രം ചാൻസലർക്ക് സമർപ്പിക്കുകയായിരുന്നു.

ഏഴ് പേരുടെ ചുരുക്കപട്ടികയും മിനുട്‌സ് രേഖകളും പുറത്തു വന്നതോടെയാണ് നിയമനം വിവാദമായത്. കാലടി വിസി നിയമനത്തില്‍ ഒറ്റ പേര് മാത്രം നിർദേശിച്ച സെർച്ച് കമ്മറ്റി നടപടിക്കെതിരെ നിയമന സമയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ പട്ടികയിലെ മറ്റുള്ളവർക്ക് യോഗ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏറെ നാൾ കഴിഞ്ഞാണ് ഗവർണർ സർക്കാരുമായി അനുരഞ്ജനത്തിലെത്തി നിയമത്തിൽ ഒപ്പുവച്ചത്. കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത ഡീൻ, കണ്ണൂർ, കാലിക്കറ്റ് സർവലാശാല വിസി പട്ടികയില്‍ ഇടം പിടിച്ച ഒരു പ്രൊഫസർ എന്നിവരടക്കം കാലടി വിസി നിയമന ചുരുക്ക പട്ടികയിൽ ഇടം പിടിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്ന രേഖകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇവർക്കൊന്നും യോഗ്യതയില്ലെന്ന് കാണിച്ചാണ് ഇംഗ്ലീഷ് പ്രൊഫസറായ എംവി നാരായണനെ സംസ്‌കൃത സർവകലാശാല വിസിയായി നിയമിച്ചത്.
സർവകലാശാലകളിലെ വിസിമാരെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരും ഗവർണറും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടയിലാണ് സുപ്രീം കോടതി വിധിയും നിയമനത്തിലെ വീഴ്‌ചകൾ സംബന്ധിച്ച രേഖകളും പുറത്ത് വരുന്നത്.