തിരുവനന്തപുരം: കടയ്ക്കാവൂരിലെ പോക്സോ കേസിൽ വഴിത്തിരിവ്. അമ്മയ്‌ക്കെതിരെ മൊഴി നൽകാൻ കുട്ടിയെ നിർബന്ധിക്കുകയായിരുന്നു എന്നാരോപിച്ച് യുവതിയുടെ മാതാപിതാക്കളും ഇളയ മകനും രംഗത്തു വന്നു. അമ്മയെ അച്ഛൻ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നും ഇളയ മകൻ പറഞ്ഞു.
യുവതിയുടെ ഭർത്താവ് ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി കുട്ടിയെക്കൊണ്ട് പറയിപ്പിച്ചതാണ് വിവാദ മൊഴിയെന്നാണ് ആരോപണം. കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കുട്ടികളുള്ള യുവതി ഭർതൃ ഗൃഹത്തിൽ നിരന്തരം പീഡനത്തിന് ഇരയായെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. നിരന്തരമായ പീഡനം കാരണമാണ് മൂന്നുവർഷമായി യുവതി ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്നത്. ഭർത്താവ് പിന്നീട് വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ ചോദ്യം ചോദ്യം ചെയ്‌തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നൽകിയിരുന്നു.
ഏതെങ്കിലുമൊരു ഏജൻസി കൊണ്ട് അന്വേഷിക്കണമെന്നും കുട്ടിയെ വൈദ്യ പരിശോധനയ്ക്കും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും യുവതിയുടെ മാതാപിതാക്കൾ ആവിശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കഴിഞ്ഞദിവസമാണ് പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മാതാവ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ റിമാന്‍റിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിലാകുന്നത്.