തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എ.എം.മുഹമ്മദ് അഷറഫ് നൽകിയ അപേക്ഷ കോടതി തള്ളി. പ്രാഥമിക ഘട്ടത്തിൽ തന്നെ കേസിൽ നിന്നും പ്രതിയെ ഒഴിവാക്കുന്നത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാകുമെന്ന സിബിഐ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വ്യാജ തണ്ട പേരിൽ പ്രമാണങ്ങൾ നിർമ്മിച്ച് ഇരുപതോളം ആധാരങ്ങൾ ഉണ്ടാക്കി 44.5 ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. 2017 ജൂൺ ആറിനാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ വില്ലേജ് ഓഫീസർ പി.എൻ.സുബ്രമണ്യ പിള്ള, ആധാരം എഴുത്തുകാരൻ വി.പി.അനിൽ കുമാർ, എ.എം.മുഹമ്മദ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെടെയുള്ളവരെ നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.