തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷം ആഗസ്റ്റ് 26 മുതൽ 28 വരെ നടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. ആഘോഷങ്ങളുടെ ഭാഗമായി ആഗോള ആരോഗ്യ വിദഗ്‌ധരെ ഉൾപ്പെടുത്തി ത്രിദിന മെഡിക്കൽ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ നേതൃത്വത്തിൽ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഗവ. ഡെന്റൽ കോളേജ്, ഗവ.നഴ്‌സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐഎംഎ തിരുവനന്തപുരം ചാപ്റ്റർ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് മണിക്ക് മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി അലൂമിനി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ലോകപ്രശസ്‌ത ആരോഗ്യവിദഗ്ധരും ചടങ്ങിന്‍റെ ഭാഗമാകും. ആരോഗ്യപരിരക്ഷയിലെ കേരള മാതൃക കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മെഡിക്കൽ കോളേജിലെ മുൻഗാമികളെ ചടങ്ങിൽ ആദരിക്കും.
27ന് 'വൈറോളജിയും ഇമ്മ്യൂണോളജിയും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ലോകപ്രശസ്‌ത വൈറോളജി വിദഗ്‌ധരായ പ്രൊഫ. റോബർട്ട് ഗാലോ, ഡോ. ജേക്കബ് ജോൺ, പ്രൊഫ. ആൻഡേർസ് വാഹൻ, ഡോ.ഗഗൻദീപ് കാങ്, ഡോ.ഹരി പരമേശ്വരൻ, ഡോ. ശബരീനാഥ് രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.
28ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യാഥിതിയാകും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച നോളജ് സെന്ററിന്റെ ഉദ്‌ഘാടനവും നടക്കും. സിഡിസി, ആർസിസി, മെഡിക്കൽ കോളേജ്, എസ്എടി, ശ്രീചിത്ര തുടങ്ങിയ ഇടങ്ങളിൽ ചികിത്സയ്ക്കായെത്തുന്ന കുട്ടികൾക്ക് വേണ്ട ചികിത്സ നിർദേശങ്ങളും തുടർചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും നൽകുന്ന 'തളിരുകൾ' പദ്ധതിയുടെ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച് നടക്കുംമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.