തിരുവനന്തപുരം: പാർട്ടിയിൽ ഉറച്ച് നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. പാർട്ടിയിൽ വിശ്വാസമുണ്ടെന്നും പരാതികൾ നേതൃത്വത്തെ അറിയിച്ചതായും പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകിയെന്നും കെവി തോമസ് പറഞ്ഞു. അശോക് ഗെലോട്ട്, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളുമായി കെവി തോമസ് ചർച്ച നടത്തിയിരുന്നു.
കൂടുതൽ അറിയാൻ: സോണിയ ഗാന്ധി വിളിച്ചു; പാര്‍ട്ടി വിടുമെന്ന അഭ്യൂഹത്തിന് വിരാമമിട്ട് കെ വി തോമസ്
സ്ഥാനമാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടാല്‍ കെവി തോമസ് എറണാകുളത്ത് ഇടത് മുന്നണി സ്ഥാനാർഥിയാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ശനിയാഴ്ച നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ.
അതേസമയം, കെവി തോസ് കോൺഗ്രസ് വിട്ട് എങ്ങും പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും ചെന്നിത്തല ഉറപ്പ് നൽകി.
ദീർഘനാളായി സംഘടനയിലെ സ്ഥാനങ്ങൾ സംബന്ധിച്ച കാര്യത്തിൽ കെവി തോമസ് അസംതൃപ്തനായിരുന്നു. കോൺഗ്രസ് ചാനലിന്‍റെയും പത്രത്തിന്‍റെയും ചുമതല നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. അർഹമായ സംഘടന ചുമതലകൾ കൂടി വേണമെന്നാണ് കെവി തോമസിന്‍റെ നിലപാട്. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് ഇടതുമുന്നണിക്ക് വിജയ സാധ്യത തീരെ കുറഞ്ഞ എറണാകുളം മണ്ഡലത്തിൽ കെവി തോമസിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി നേട്ടമുണ്ടാക്കാമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു.