തിരുവനന്തപുരം: കെ-സ്വിഫ്റ്റ് വഴി സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ചത് 35000 ലേറെ തൊഴിലവസരങ്ങളെന്ന് റിപ്പോർട്ട്. 2073.68 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് വ്യവസായ വകുപ്പിൻ്റെ കണക്ക്. ഒന്നും രണ്ടും പതിപ്പുകൾ പ്രയോജനകരമാണെന്ന വിലയിരുത്തലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി കെ-സ്വിഫ്റ്റ് വിപുലീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് വ്യവസായ വികസന കോർപ്പറേഷൻ ഡയറക്‌ടർ എംജി രാജമാണിക്യം ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡ് കാലത്തെ തൊഴിൽ-വരുമാന നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ ഈ സേവനം പ്രയോജനപ്പെടുത്താനാണ് സംരംഭകരോട് വ്യവസായ വകുപ്പ് നിർദേശിക്കുന്നത്.
പത്തു മിനിട്ടിൽ സംരംഭം തുടങ്ങാം
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി സംരംഭകർ ഓഫിസുകൾ കയറിയിറങ്ങി നടക്കേണ്ടി വരാറുണ്ട്. ഇത്തരം അവസ്ഥ സംരംഭകരെ പിന്തിരിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. ഇതിന് പരിഹാരമായാണ് സർക്കാർ കെ-സ്വിഫ്റ്റ് (സിംഗിൾ വിൻഡോ ഇൻ്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരൻ്റ് ക്ലിയറൻസ്) അവതരിപ്പിച്ചത്.
Also Read: "വിദ്യാമൃതം".. അവർ പഠിക്കട്ടെ, കുഞ്ഞുങ്ങൾക്ക് വേണ്ടി മമ്മൂട്ടി..
സംരംഭങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള എകജാലക സംവിധാനമാണിത്. കെ-സ്വിഫ്റ്റ് വെബ് സൈറ്റിലെ ചോദ്യാവലിക്ക് ഉത്തരം രേഖപ്പെടുത്തി അക്നോളജ്മെൻ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ലഭിച്ചാൽ അടുത്ത മൂന്നു വർഷം ലൈസൻസോ മറ്റു പരിശോധനകളോ ഇല്ലാതെ തന്നെ സംരംഭം പ്രവർത്തിക്കാവുന്നതാണ്.
മൂന്നു വർഷത്തിനുള്ളിൽ ലൈസൻസ് നടപടികൾ പൂർത്തീകരിച്ചാൽ മതിയാവും. പത്തു കോടി വരെ നിക്ഷേപമുള്ള, റെഡ് കാറ്റഗറിയിൽ പെടാത്ത സംരംഭങ്ങൾക്കാണ് ഇങ്ങനെ അനുമതി ലഭിക്കുക. പത്തു മിനിട്ടിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.
കുറഞ്ഞ ഫീസിൽ 79 അനുമതികൾ
22,008 സംരംഭകരാണ് ഇതിനകം കെ-സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്തത്. 10,847 ചെറുകിട സൂക്ഷ്‌മ ഇടത്തരം സംരംഭങ്ങൾ അക്നോളജ്മെൻ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റി പ്രവർത്തിച്ചു വരുന്നു. നിക്ഷേപത്തിൻ്റെ 0.01 ശതമാനം തുകയാണ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫീസ്. മലിനീകരണ നിയന്ത്രണ ബോർഡ്, ജല അതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്‌പക്‌ടറേറ്റ്, കെഎസ്ഇബി തുടങ്ങി 21 വകുപ്പുകൾ നൽകേണ്ട 79 അനുമതികളും കെ-സ്വിഫ്റ്റ് വഴി ലഭിക്കും.
Also read: ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ
ഏഴ് മുതൽ 90 ദിവസം വരെ കാലാവധിയിൽ ഇവ ലഭ്യമാക്കും. ഇവക്ക് വെബ് സൈറ്റിൽ പൊതു ആപ്ലിക്കേഷൻ ഫോം ആണ് ഉള്ളത്. ഈ വിഭാഗത്തിൽ 2,103 അപേക്ഷകൾ സമർപ്പിക്കപ്പെട്ടപ്പോൾ 828 ലൈസൻസുകൾ ലഭ്യമാക്കി.
കെഎസ്ഐഡിസി, കിൻഫ്ര എന്നീ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കുന്നതിനും കെ-സ്വിഫ്റ്റ് വഴി അപേക്ഷിക്കാം. ആറു മാസത്തിലൊരിക്കൽ തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട പൊഫഷണൽ ടാക്‌സും കെ-സ്വിഫ്റ്റ് വഴി ഓൺലൈനായി അടക്കാൻ സാധിക്കും.