തിരുവനന്തപുരം: കേരളത്തിൽ വ്യാജന്മാരുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പിണറായി വ്യാജൻ എന്നായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'മണ്ടന്മാർ ലണ്ടനിൽ' എന്ന പോലെ പിണറായി വ്യാജനും സംഘവും നാളെ യാത്ര തിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തലസ്ഥാനത്ത് പറഞ്ഞു. ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്നും അതുകൊണ്ട് നാടിന് യാതൊരുവിധ ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിമാരുടെ ഈ യാത്ര കൊണ്ട് ഒരു തീപ്പെട്ടി കമ്പനി പോലും സംസ്ഥാനത്ത് തുടങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കർഷകർ വലിയ കടക്കെണിയിലാണ്. കേന്ദ്രം കൊടുക്കുന്ന കാശ് പോലും സംസ്ഥാനം വിതരണം ചെയ്യുന്നില്ല.
എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഇവിടെ എന്തുമാകാമെന്നുള്ള സ്ഥിതിയാണ്. അവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ല. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാറും സര്‍വകലാശാല അധികാരികളും വെള്ളിത്തളികയില്‍ ഒരുക്കിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ പോലും അവര്‍ക്ക് മത്സരിക്കാതെ പ്രതിനിധികളാമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സർക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. എംവി ഗോവിന്ദന്‍ പറയും അത് സാങ്കേതിക തകരാറാണെന്ന്. എന്നാല്‍ എപ്പോഴും ഒരാള്‍ക്ക് മാത്രം എങ്ങനെയാണ് സാങ്കേതിക തകരാര്‍ ഉണ്ടാകുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കാര്യങ്ങളിലും അഴിമതിയാണ്. എഐ കാമറ അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ കോൺഗ്രസിന്‍റെ ഭരണ കാലത്ത് നടത്തുന്ന അഴിമതിയിൽ കണക്കുണ്ടായിരുന്നു. ഇത്ര ശതമാനം രമേശ് ചെന്നിത്തലക്ക്, ഇത്ര ഉമ്മൻ ചാണ്ടിക്ക്, ഇത്ര കരുണാകരന് എന്ന് കണക്കുണ്ടായിരുന്നു. എന്നാല്‍ സിപിഎം മന്ത്രിമാർ നേരം വെളുക്കും വരെ കക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ എല്ലാം ജൂനിയർ മന്ത്രിമാരെയും വച്ച് മരുമകനെ ഭരണം ഏല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പിണറായി വിജയന്‍. പ്രധാന പരിപാടികളിലും മുഖ്യ റോൾ മരുമകനാണ്. ഇവർക്ക് പ്രതിഛായ ഭയമാണ്.
സംസ്ഥാനത്ത് 2000 രൂപയ്ക്ക് ഫോൺ ലഭ്യമാക്കിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ ഇതും തട്ടിപ്പിന് വേണ്ടിയാണ് നടത്തിയത്. എല്ലാ കാര്യങ്ങളിലും ഉപകരാർ നൽകുന്നു. എല്ലായിടങ്ങളിലുമെത്തി പണം മോഷ്‌ടിക്കുകയാണ് ഇവര്‍. ഭൂമിക്ക് ന്യായ വില വർധനയല്ല അന്യായ വില വർധനയാണുണ്ടായിട്ടുള്ളത്.
രണ്ടാഴ്‌ച വീട് വിട്ട് പുറത്ത് പോയി വന്ന വീട്ടുകാർ നെഞ്ചത്തടിച്ച് കരയുന്നു. ഇതുവരെ വാങ്ങിയ പണമെല്ലാം ഏത് അക്കൗണ്ടിലാണ് വന്നത്. കേരളത്തിന് വായ്‌പ വാങ്ങാൻ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ കണക്ക് ചോദിച്ചാൽ ധനമന്ത്രി ബാലഗോപാലിന്‍റെ പൊടി പോലും കാണാനാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി നിർമല സീതാരാമന്‍റെ മറുപടി വന്നപ്പോൾ ബാലഗോപാലിനെ കാണാൻ പോലുമില്ലായിരുന്നു. ഇതുപോലെ കഴിവ് കെട്ട സർക്കാർ വേറെ ഒരിടത്തുമില്ല. സിപിഎം നിയന്ത്രണമുള്ള സഹകരണ ബാങ്കിൽ നിന്നും വായ്‌പ എടുത്താല്‍ ഒന്നുകിൽ തീവണ്ടിക്ക് തല വച്ച് ചാകണം അല്ലെങ്കിൽ കടലിൽ ചാടി ചാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങൾ കർഷകരെ സഹായിക്കാനായി സ്ഥാപിച്ചതാണ്. എന്നാല്‍ സിപിഎമ്മിന്‍റെ അമ്മായിക്കും മാമനും ജോലി നൽകാനുള്ള സ്ഥാപനമായി മാത്രം അത് മാറിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.