തിരുവനന്തപുരം : VC Appointment Controvers y | കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടന്ന അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ അനധികൃത രാഷ്ട്രീയ-ബന്ധു പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണം.
ചാന്‍സലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അതില്‍ പരം നാണക്കേട് ഈ സര്‍ക്കാരിന് വേറെ എന്താണ്. ഒരു സര്‍ക്കാരിന് മേല്‍ ഇതുപോലൊരു അവിശ്വാസം ഗവര്‍ണര്‍ രേഖപ്പെടുത്തിയത് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്‌തുതാപരമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതുകൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്.
ALSO READ: സിപിഐയെക്കുറിച്ചുള്ള എം.വി ജയരാജന്‍റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം
ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്‍റെ ഭരണഘടനാ തലവന്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍വകലാശാല രംഗത്തെ രാഷ്ട്രീയ-ബന്ധുനിയമനങ്ങള്‍ ഗവര്‍ണര്‍ അക്കമിട്ട് നിരത്തുകയായിരുന്നു.
അദ്ദേഹത്തിന്‍റെ പരിഹാസത്തിന് ആയിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇതിനകം രാജിവച്ചേനെ. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഗവര്‍ണറുടെ കത്തിലെ ഓരോ വരികളും പറയുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.