തിരുവനന്തപുരം : സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ കെ.വി തോമസ് പങ്കെടുത്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. എല്ലാവരും പാർട്ടിക്ക് വിധേയരാണ്. വിഷയം കെ.പി.സി.സി വഷളാക്കിയിട്ടില്ല.
കെ.വി തോമസ് സെമിനാറിൽ പങ്കെടുക്കട്ടെ, അതിന് ശേഷം നടപടി സ്വീകരിക്കും. എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ചാകും നടപടി സ്വീകരിക്കുകയെന്നും കെ.പി.സി.സി ആസ്ഥാനത്ത് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് കെ.വി തോമസ് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
Also Read: തീരുമാനം എഐസിസി എടുക്കട്ടെ, കെ സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല : കെ.വി തോമസ്
കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ചാണ് സെമിനാറെന്നും അതിനാല്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കെ വി തോമസിന്‍റെ നിലപാട്. എന്നാല്‍ എ.ഐ.സി.സിയുടെ നിർദേശം ലംഘിച്ചാൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സുധാകരൻ കഴിഞ്ഞദിവസം മയപ്പെടുത്തിയ പ്രതികരണം നടത്തിയിരുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇക്കാര്യത്തിൽ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനത്തിന് തയ്യാറായിട്ടില്ല. അതേസമയം കെ.വി തോമസിൻ്റെ അച്ചടക്കലംഘനത്തിന് കടുത്ത നടപടി വേണമെന്നാണ് ഹൈക്കമാൻഡിൽ പൊതുവികാരം.