തിരുവനന്തപുരം: ഈ നിലയില്‍ കെ-റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ അവിടെ ഒരു കല്ലും ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കെ-റെയിലിനു വേണ്ടി സ്ഥാപിച്ച കുറ്റി പിഴുതെറിയുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് പിഴുതെറിഞ്ഞിരിക്കും.
പക്ഷേ അത് ഇപ്പോഴില്ല. അവസാനമേ ഉണ്ടാകൂ. ഇപ്പോള്‍ ജനങ്ങള്‍ കല്ല് പിഴുതെറിയുന്നുണ്ടെങ്കില്‍ തന്റെ ആഹ്വാന പ്രകാരമല്ല. അവരുടെ സ്വാഭാവിക പ്രതികരണമാണ്. സര്‍വ്വേയ്ക്ക് കോണ്‍ഗ്രസ് എതിരല്ല. സര്‍വ്വേയും കല്ലിടലും രണ്ടാണ്. സര്‍വ്വേ നടത്തി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പദ്ധതിയുടെ പോരായ്മകള്‍ മനസിലാക്കുന്നതില്‍ തെറ്റില്ല.
എന്നാല്‍ കല്ലിടല്‍ എന്നാല്‍ സ്ഥലം ഏറ്റെടുക്കലാണ്. അത് അനുവദിക്കില്ല. പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെങ്കില്‍ സമരത്തില്‍ നിന്ന് കോണ്‍ഗ്രസും പിന്‍മാറില്ലെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്.
കാശു കൊടുത്ത് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് കേരള ജനത അംഗീകരിക്കും എന്നത് പിണറായി വിജയന്റെ മോഹം മാത്രമാണ്. കെ-റെയിലിനെതിരെ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ നരേന്ദ്രമോദിക്കെതിരെ നടത്തിയ സമരത്തിന്റെ മാതൃകയില്‍ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും.
ഒരു മാസത്തിനിടെ 1000 പൊതുയോഗങ്ങള്‍
ഒരു മാസത്തിനുള്ളില്‍ കെ-റെയിലിനെതിരെ സംസ്ഥാനത്താകമാനം 1000 പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കെ-റെയില്‍ കേരളത്തിനുണ്ടാക്കാവുന്ന പാരിസ്ഥിതികാഘാതം ബോദ്ധ്യപ്പെടുത്തി എല്ലാ വീടുകളിലും ലഘുലേഖ എത്തിക്കും. മാര്‍ച്ച് 7ന് കെ-റെയില്‍ കടന്നു പോകുന്ന ജില്ലയിലെ കലക്‌ടറേറ്റുകളിലേക്ക് വന്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. 'കെ-റെയില്‍ വേണ്ട കേരളം മതി' എന്നതാണ് മുദ്രാവാക്യം.
കെ റെയിലില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
പദ്ധതിയെ എതിര്‍ക്കുന്ന ബി.ജെ.പിക്കോ കെ.സുരേന്ദ്രനോ കെ-റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കില്ലെന്ന് നട്ടെല്ലു നിവര്‍ത്തി നിന്ന് പറയാന്‍ വെല്ലുവിളിക്കുന്നു. കേന്ദ്രം അനുമതി നല്‍കും എന്നു തന്നെയാണ് ലോക്‌സഭയില്‍ കേന്ദ്രമന്ത്രിമാരുടെ മറുപടിയില്‍ നിന്ന് മനസിലാകുന്നത്. കേരളത്തെ നശിപ്പിക്കുന്ന ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് ശക്തിമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗത്തിനു ശേഷം കെ.സുധാകരന്‍ അറിയിച്ചു.