തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് അർഹതയുള്ളതുകൊണ്ടാണ് അദ്ദേഹത്തെ 'ഗ്ലോറിഫൈഡ് കൊടി സുനി'യെന്ന് വിശേഷിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒപ്പം നടന്ന അനുയായിയെ പോലും അവിശ്വാസം വന്നപ്പോൾ ഹീനമായി കൊന്നയാളാണ് പിണറായി. തൻ്റെ പാർട്ടി പ്രവർത്തകരെ കൊല ചെയ്യാൻ നേതൃത്വം നൽകിയവരുമായി സന്ധിയില്ല.
പിണറായി പറഞ്ഞ ഒരു കൊലപാതകത്തിലും തനിക്ക് പങ്കില്ല. അനുഭവ സമ്പന്നരും അഴിമതി രഹിതരുമായ മുതിർന്ന നേതാക്കളെ പുറത്തുനിർത്തി ചെറുപ്പക്കാരെ ഇത്തവണ മന്ത്രിയാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ശശിയാണ് തലപ്പത്തിരിക്കുന്നത്, ശശിയാണ് എല്ലാം നിയന്ത്രിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് പോലും ഭരണത്തിൽ റോളോ ശബ്‌ദമോ ഇല്ലെന്നും കെ സുധാകരൻ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ; എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ....
മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്‌ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിൻ്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!
വെട്ടേറ്റുപിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്‌ട് കല്‌പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്‌സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നുകിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. ആ പൂർവകാല ചരിത്രം എന്നെ കൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്.
താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്ത് എനിക്ക് സങ്കടമുണ്ട്. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചുനൽകിയ തുടർഭരണം ഇനിയും അധികകാലം മുന്നോട്ടുപോകാൻ നിങ്ങളെ സഹായിക്കില്ല.
പിണറായി വിജയൻ, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി " മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്ന്.
അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങൾക്ക് മേൽ. വിധവയാക്കപ്പെട്ട ഭാര്യമാർ....മക്കളെ നഷ്‌ടപെട്ട അമ്മമാർ.... അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നത്.
താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ.