തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ജനത്തെ വെല്ലുവിളിച്ചതിനും പരിഹസിച്ചതിനും സർക്കാരിന് കിട്ടിയ തിരിച്ചടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയതെന്നും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജനവിധി പുറത്തുവന്നപ്പോള്‍ ആളുകള്‍ എത്രത്തോളം എല്‍ഡിഎഫിനെ വെറുക്കുന്നുവെന്നതിന്‍റെ ആഴം വ്യക്തമായെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ധനത്തിന് അധികനികുതി ചുമത്തി സംസ്ഥാന സർക്കാരും പാചകവാതക വില കൂട്ടി കേന്ദ്ര സർക്കാരും ദ്രോഹിക്കുന്നു. അധികാരത്തിന്‍റെ ധാര്‍ഷ്‌ട്യത്തില്‍ എന്തുചെയ്താലും ജനം അതെല്ലാം സഹിക്കുമെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും മിഥ്യാധാരണ ജനം പൊളിച്ചടുക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാക്കുകളില്‍ പരിഹാസം എല്ലായ്‌പ്പോഴും മുഴച്ച് നിന്നിരുന്നു. ബജറ്റിലെ നികുതിക്കൊള്ളയും ഇന്ധന സെസും കുറയ്ക്കണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടപ്പോള്‍ ജനത്തിന് അത്തരമൊരു അഭിപ്രായമില്ലെന്ന മുന്‍വിധിയോടെയുള്ള പരിഹാസം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് അംഗങ്ങളും നല്‍കിയതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ വിഷയദാരിദ്ര്യമെന്നുവരെ പറഞ്ഞ എൽഡിഎഫിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്‍റെ ആഴം ജനവിധി പുറത്ത് വന്നപ്പോള്‍ വ്യക്തമായി. മുഖ്യമന്ത്രിക്ക് കടന്നുപോകാന്‍ ഗതാഗത തടസം സൃഷ്‌ടിച്ചും ജനത്തിന്‍റെ മേല്‍ കുതിര കയറിയും കരുതല്‍ തുറുങ്കിലടച്ചും പൊലീസ് വലയത്തില്‍ ആഡംബര ജീവിതം നയിക്കാമെന്ന വ്യാമോഹത്തിന് കിട്ടിയ പ്രഹരം കൂടിയാണ് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ ഉജ്വലമുന്നേറ്റമെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മികച്ച വിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികളെ അഭിനന്ദിക്കുന്നുവെന്നും സുധാകരൻ അറിയിച്ചു.
കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിനെ നയിക്കുന്നത്. തുടര്‍ച്ചയായി പാചകവാതക വിലവര്‍ധിപ്പിച്ചും ഇന്ധനവില കുറയ്ക്കാതെയും മോദി സര്‍ക്കാരും അധികനികുതി ചുമത്തി പിണറായി വിജയനും ജനത്തിന്‍റെ നടുവൊടിച്ചു. മോദി - പിണറായി സര്‍ക്കാരുകളുടെ ഭരണത്തിന് കീഴില്‍ ജനത്തിന് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. മോദി സര്‍ക്കാരിന്‍റെ അടിക്കടിയുള്ള പാചകവാതക വിലവര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിച്ചപ്പോൾ ഇടിത്തീപോലെയാണ് പിണറായി സര്‍ക്കാരിന്‍റെ നികുതിക്കൊള്ളയെന്നും സുധാകരന്‍ പറഞ്ഞു.