ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതിക്ക് അംഗീകാരം തേടി പ്രധാനമന്ത്രിയുമായി കൂടികാഴ്‌ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. ചര്‍ച്ചയുടെ വിശദാംശങ്ങളെ കുറിച്ച് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കും. വൈകിട്ട് നാലിന് കേരളഹൗസിലാണ് വാര്‍ത്തസമ്മേളനം
സംസ്ഥാനവ്യാപകമായി കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടികാഴ്‌ച നടന്നത്. പദ്ധതിക്ക് അംഗീകാരം തേടി കെ-റെയില്‍ എം.ഡി അജിത്കുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേമന്ത്രിയും റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരമായും അദ്ദേഹം ചര്‍ച്ച നടത്തും.
Also read: സിൽവർലൈൻ അംഗീകാരം: പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിവിധ ജില്ലകളില്‍ ശക്തമായ കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുകയാണെങ്കിലും പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്നാണ് സി.പി.എം നിലപാട്. പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്നാണ് കെ-റെയില്‍ വിരുദ്ധ സമിതി പ്രക്ഷോഭങ്ങളില്‍ വ്യക്‌തമാക്കുന്നത്. ഇതിനെ മറികടക്കാന്‍ അതിവേഗം പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടികാഴ്‌ച നടത്തിയത്.